Friday, February 24, 2023

ലവണസ്വപ്നം

 

ലവണ സ്വപ്നം

ഇവിടെയൊരു കടൽ ഉണ്ടായിരുന്നു.
വിരിഞ്ഞമാറിലെ നരച്ച രോമങ്ങൾ പോലുള്ള
നുരകളിൽ ചാഞ്ചാടിക്കളിക്കുന്ന തോണികൾക്ക് കാവലായി ,
സ്വപ്നങ്ങൾ ചുമന്നുകൊണ്ടോടി വന്ന നദികളെ
മാറോടു ചേർത്ത് പിടിച്ച്,
പ്രണയത്തിന്റെ വന്യസൗന്ദര്യമാർന്നു നിലകൊണ്ട കരിനീലക്കടൽ
അതിന്റെ ആഴങ്ങളിൽ മുത്തുച്ചിപ്പികളും സന്യാസി ഞണ്ടുകളും അലഞ്ഞു നടന്നു
മത്സ്യക്കൂട്ടങ്ങളെ വേട്ടയാടിപ്പിടിച്ച കൊലയാളിത്തിമിംഗിലങ്ങൾ,
ചളിയും പായലും നിറഞ്ഞ കണ്ണെത്താത്തത്ര ആഴത്തിലെ അടിത്തട്ടിൽ,
ഒളിച്ചു കിടക്കുന്ന നിധികുംഭങ്ങൾ ...
മുകൾപ്പരപ്പിൽ പോറൽ പോലുമേൽപ്പിക്കാതെ
അഗാധതയിലേക്ക് മുങ്ങിയമർന്ന കപ്പലുകൾ ....
കപ്പൽച്ചേതത്തിന്റെ മുറിപ്പാടുകൾ ...
അവയ്ക്കുള്ളിൽ ഞെരിഞ്ഞു പിടഞ്ഞമർന്നുപോയ ആത്മാക്കൾക്കു ശ്വാസം മുട്ടി ...
മരിക്കുന്നതിനു മുമ്പ് അവരുപേക്ഷിച്ച സ്വപ്നങ്ങൾ കുമിളകളായ് പൊട്ടി വായുവിൽ അലിഞ്ഞു...
പിന്നൊരു നാൾ, കടൽ വറ്റിപ്പോയി. :
സ്വപ്നങ്ങളുടെ കുമിളകളോ, ശ്വാസം മുട്ടിയ ആത്മാക്കളോ, മുത്തുച്ചിപ്പികളോ ഞണ്ടോ പോയിട്ട് മീൻ മുള്ളു പോലും കാണാനില്ലാത്ത മണൽപ്പരപ്പ് തിളച്ചുരുകുന്ന സൂര്യനു കീഴെ തളർന്നു കിടന്നു...
മരിച്ചാലും തലയുയർത്തി നിൽക്കുന്ന ഒരു കപ്പലിന്റെ അസ്ഥി മാത്രം..

അതിന്റെയുള്ളിൽ നിറഞ്ഞ കറുത്ത വായുവിൽ
മരിച്ച സ്വപ്നങ്ങളുടെ ദുർഗന്ധവും ....

(2023)

Saturday, June 25, 2016

നേർരേഖ

എനിക്കും നിനക്കും ഇടയിൽ അവരുണ്ട്....
അവർക്കും നിനക്കുമിടയിൽ ഞാനും 
അവർക്കും എനിക്കുമിടയിൽ നീയും....
              

Friday, March 27, 2009

സത്യത്തില്‍ സംഭവിച്ചത്



സൂര്യന്‍, ചുട്ട ഇരുമ്പ് കഷണങ്ങളായ് എന്റെ ജാലകത്തിലൂടെ കടന്നു വരുമ്പോള്‍... അവ പെറുക്കി വെക്കാനും അന്ജ്ഞാതമായ ചിത്രങ്ങള്‍ വരക്കാനും ഞാന്‍ ശ്രമിക്കവേ... ചത്തു തൂങ്ങി കിടക്കുന്ന രണ്ടു പാമ്പുകള്‍ പോലെ .. എന്റെ ഖ്ഖടികാര സൂചികള്‍..

ഓര്‍മ്മകള്‍... ജീവനെടുക്കുന്നു.. ഇഴയുന്നു... ചില നിറങ്ങള്‍...ശബ്ദങ്ങള്‍..ഗന്ധങ്ങള്‍.. ഉയിര്‍ക്കുന്നു...
ഇരുളിന്‍ മടിത്തട്ടില്‍..
.
അമര്‍ത്തിയ ചുംബനങ്ങള്‍..ചില ശീല്കാരങ്ങള്‍... അവയായിരുന്നോ പ്രണയം?... മണമുള്ള പൂവിന്റെ മണമില്ലാത്ത ഓര്‍മയോ പ്രണയം?... സുഖമുള്ള തണുപ്പിനുള്ളിലെ നനവുള്ള വേദനയോ?... ഒരു നോട്ടം ഒറ്റ തിരിഞ്ഞുനോട്ടം... അവള്‍ വീണ്ടുമെത്തി... രെതിയായ്... മാംസമായ്.. എന്റെ ഭ്രാന്തിനെ ആവഹിച്ചു.., നെറ്റിയില്‍ ഒരുമ്മ തന്നുറക്കി അവള്‍ പോയി........

Sunday, March 1, 2009

പരേതം




മരിച്ച മനുഷ്യര്‍ക്ക് ബുദ്ധന്റെ മുഖം..
ക്ലാവുപിടിച്ച ജീവിതത്തിനു ചരിത്രത്തിന്റെ കൈപ്പ്

നനവുള്ള ഭൂതകാലം താണ്ടിയെത്തുന്ന തീവണ്ടിപ്പാളത്തില്‍
തല ചേര്‍ക്കവേ..... ഓര്‍മകളുടെ തണുപ്പ് എന്നെ കടന്നു പോകുന്നു ...

എന്നില്‍ നിന്നും ഓടിയൊളിച്ച ഞാന്‍ എന്നില്‍
തന്നെ എത്തി ചേരുന്നോ .....

തൂക്കിക്കൊല്ലാന്‍ പോകുന്നവന്റെ ഹൃദയം പോലെ
എന്റെ വാച്ച് ശക്തിയായി മിടിച്ചു....
അടുത്ത നിമിഷം വായുവില്‍ ആടുവാന്‍
എന്റെ കാലുകള്‍ കൊതിച്ചു...

എന്തുകൊണ്ടെന്നോ?

മരിച്ച മനുഷ്യര്‍ക്ക് ബുദ്ധന്റെ മുഖം...
ക്ലാവ് പിടിച്ച ചരിത്രത്തിനു ജീവിതത്തിന്റെ ഗന്ധം....

Sunday, January 11, 2009

വരണ്ടൊരീ വേനല്‍ ദിനങ്ങള്‍...
തുരുമ്പിച്ച തന്തികള്‍ ...
മീട്ടുംബൊളുയരുന്നതോ കലംപിച്ച നാദം...
ചിരിക്കുന്ന മേഘവും വെള്ളില്‍ പറവയും പോയൊഴിഞ്ഞൊരു ഗഗനം...
നടക്കുന്നു നീ... പിന്തുടരുന്നു ഞാന്‍ .. പഴുതോരീ മരുഭൂമി നീളെ...

രാത്രി..

ആയിരം താരങ്ങ്ങള്‍ തൂകിയ പട്ടു മേലപ്പിനു കീഴെ... നില്‍ക്കാതെ നോക്കാതെ പോകുന്നു നീ....
പിന്തുടരുന്നൂ വസന്തം....

Friday, December 12, 2008

നമുക്കു പഴമയെ ഓര്‍ക്കാം.... പണ്ട് പണ്ട് .... ഇരുള്‍ വീണ സന്ധ്യകളില്‍... ഇരുളിന്റെ നൂലുകള്‍ ഒളിച്ചു കളിക്കുന്ന കൈത്തോട്‌ ..... ശരീരത്തില്‍ പതയുന്ന ചന്ദ്രിക സോപിന്റെ മദിപ്പിക്കുന്ന വാസന... സൈക്കിളിന്റെ വെട്ടത്തില്‍ കവലയിലേക്ക്....വായനശാലയിലെ പുസ്തകങ്ങളുടെയും പഴമയുടെയും ഗന്ധം.... തിരിച്ചു വീടിലേക്ക്‌ പോകുമ്പോള്‍....ഏതോ വീട്ടില്‍നിന്നു റേഡിയോയില്‍ "ഗാനകേളി"....."മാനത്തുകന്നികള്‍ മയങ്ങും കയങ്ങള്‍".... ജയചന്ദ്രന്റെ സ്വരം....... ഓര്‍ത്തു നോക്കൂ ...നിങ്ങള്‍ക്കും പഴമയുടെ മണം വരുന്നില്ലേ......?