Friday, February 24, 2023

ലവണസ്വപ്നം

 

ലവണ സ്വപ്നം

ഇവിടെയൊരു കടൽ ഉണ്ടായിരുന്നു.
വിരിഞ്ഞമാറിലെ നരച്ച രോമങ്ങൾ പോലുള്ള
നുരകളിൽ ചാഞ്ചാടിക്കളിക്കുന്ന തോണികൾക്ക് കാവലായി ,
സ്വപ്നങ്ങൾ ചുമന്നുകൊണ്ടോടി വന്ന നദികളെ
മാറോടു ചേർത്ത് പിടിച്ച്,
പ്രണയത്തിന്റെ വന്യസൗന്ദര്യമാർന്നു നിലകൊണ്ട കരിനീലക്കടൽ
അതിന്റെ ആഴങ്ങളിൽ മുത്തുച്ചിപ്പികളും സന്യാസി ഞണ്ടുകളും അലഞ്ഞു നടന്നു
മത്സ്യക്കൂട്ടങ്ങളെ വേട്ടയാടിപ്പിടിച്ച കൊലയാളിത്തിമിംഗിലങ്ങൾ,
ചളിയും പായലും നിറഞ്ഞ കണ്ണെത്താത്തത്ര ആഴത്തിലെ അടിത്തട്ടിൽ,
ഒളിച്ചു കിടക്കുന്ന നിധികുംഭങ്ങൾ ...
മുകൾപ്പരപ്പിൽ പോറൽ പോലുമേൽപ്പിക്കാതെ
അഗാധതയിലേക്ക് മുങ്ങിയമർന്ന കപ്പലുകൾ ....
കപ്പൽച്ചേതത്തിന്റെ മുറിപ്പാടുകൾ ...
അവയ്ക്കുള്ളിൽ ഞെരിഞ്ഞു പിടഞ്ഞമർന്നുപോയ ആത്മാക്കൾക്കു ശ്വാസം മുട്ടി ...
മരിക്കുന്നതിനു മുമ്പ് അവരുപേക്ഷിച്ച സ്വപ്നങ്ങൾ കുമിളകളായ് പൊട്ടി വായുവിൽ അലിഞ്ഞു...
പിന്നൊരു നാൾ, കടൽ വറ്റിപ്പോയി. :
സ്വപ്നങ്ങളുടെ കുമിളകളോ, ശ്വാസം മുട്ടിയ ആത്മാക്കളോ, മുത്തുച്ചിപ്പികളോ ഞണ്ടോ പോയിട്ട് മീൻ മുള്ളു പോലും കാണാനില്ലാത്ത മണൽപ്പരപ്പ് തിളച്ചുരുകുന്ന സൂര്യനു കീഴെ തളർന്നു കിടന്നു...
മരിച്ചാലും തലയുയർത്തി നിൽക്കുന്ന ഒരു കപ്പലിന്റെ അസ്ഥി മാത്രം..

അതിന്റെയുള്ളിൽ നിറഞ്ഞ കറുത്ത വായുവിൽ
മരിച്ച സ്വപ്നങ്ങളുടെ ദുർഗന്ധവും ....

(2023)

No comments:

Post a Comment